സംസ്ഥാനത്തെ പട്ടികജാതി വിഭാഗത്തിലുള്ളവർക്ക് സിവിൽ സർവീസ് പരീക്ഷാ പരിശീലനം നൽകുന്നതിനു പട്ടികജാതി വികസന വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന ‘ലക്ഷ്യ’സ്‌കോളർഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാല ബിരുദമാണ് അപേക്ഷിക്കുന്നതിനുള്ള അടിസ്ഥാന യോഗ്യത. നിലവിൽ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ഇവർ കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്ന സമയത്ത് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം. പ്രായപരിധി01.04.2023 ൽ 20-36 വയസ്.
പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സിവിൽ സർവീസസ് എക്‌സാമിനേഷൻ ട്രെയിനിംഗ് സൊസൈറ്റി നടത്തുന്ന പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പരീശീലനാർഥികളെ തെരഞ്ഞെടുക്കുന്നത്. ആകെ സീറ്റിന്റെ 25 ശതമാനം പട്ടികജാതിയിലെ ദുർബല വിഭാഗങ്ങൾ ആയ (വേടൻ,നായാടി, അരുന്ധതിയാർ,ചക്കിലിയൻ, കള്ളാടി) വിഭാഗങ്ങളിൽ ഉൾപ്പെടുന്ന അപേക്ഷകർക്കായി നീക്കിവയ്ക്കും. മികച്ച സിവിൽ സർവീസ് പരിശീലന സ്ഥാപനങ്ങളുടെ ഒരു പട്ടിക ഐ.സി.എസ്.ഇ.റ്റി.എസ് തയാറാക്കിയിട്ടുണ്ട്.
എഴുത്തുപരീക്ഷയും അഭിമുഖവും വിജയിക്കുന്നവർക്ക് അവരുടെ താൽപര്യ പ്രകാരം സ്ഥാപനം തെരഞ്ഞെടുക്കാം. പരിശീലന പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങൾ യഥാർത്ഥ ചെലവുകൾക്ക് വിധേയമായി അനുവദിക്കും. സർക്കാർ ഉത്തരവിലെ നിബന്ധനകൾക്ക് വിധേയമായിട്ടായിരിക്കും പദ്ധതി നടപ്പിലാക്കുന്നത്. ഐ.സി.എസ്.ഇ.റ്റി.എസ് പ്രിൻസിപ്പലിന്റെ പരിശോധനയുടെയും പഠന പുരോഗതി സംബന്ധിച്ച വിലയിരുത്തലുകളുടെയും അടിസ്ഥാനത്തിലായിരിക്കും സ്‌കോളർഷിപ്പ് തുക നൽകുക. കോഴ്‌സ് ഫീ പരമാവധി ഒരു ലക്ഷം രൂപയാണ്. ഹോസ്റ്റൽ ഫീ,സ്റ്റൈപന്റ് പ്രതിമാസം 5000 + 1000 (പരമാവധി പത്ത് മാസം വരെ),പ്രിലിംസ് എഴുത്തുപരീക്ഷാ പരിശീലനം: 10,000 രൂപ,മെയിൻസ് എഴുത്തു പരീക്ഷാ പരിശീലനം: 10,000 രൂപ, ബുക്ക് കിറ്റ് അലവൻസ്: 5,000 രൂപ എന്നിങ്ങനെയും ലഭിക്കും.
സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷാസിലബസ് അടിസ്ഥാനമാക്കിയാണ് പ്രവേശന പരീക്ഷ നടത്തുന്നത്. ഒബ്ജക്ടീവ് മാതൃകയിൽ 100 മാർക്കിന്റെ 90മിനിട്ട് ദൈർഘ്യമുള്ള പരീക്ഷയ്ക്ക് നെഗറ്റീവ് മാർക്ക് ബാധകമായിരിക്കും. പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം, എറണാകുളം,പാലക്കാട്, കോഴിക്കോട് എന്നീ ജീല്ലകളിൽ പ്രവർത്തിക്കുന്ന പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററുകളിൽ വെച്ച് പ്രവേശന പരീക്ഷ നടത്തുന്നതാണ്. കോവിഡ് രോഗവ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സർക്കാർ കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങൾക്കും മാനദണ്ഡങ്ങൾക്കും വിധേയമായിട്ടായിരിക്കും പ്രവേശന പരീക്ഷയുടെ നടത്തിപ്പ്.
പൂർണ്ണമല്ലാത്തതോ അനുബന്ധ രേഖകളുടെ പകർപ്പുകൾ ഉള്ളടക്കം ചെയ്യാത്തതോ ആയ അപേക്ഷകൾ നിരസിക്കും. നിലവിൽ ലക്ഷ്യ സ്‌കോളർഷിപ്പ് പദ്ധതി മുഖേന പരിശീലനം ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല.
ഐ.സി.എസ്.ഇ.റ്റി.എസ്-ന്റെ വെബ്‌സൈറ്റായ www.icsets.org മുഖേന ഓൺലൈനായി മാത്രം അപേക്ഷിക്കാം. അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഏപ്രിൽ 30നു വൈകിട്ട് അഞ്ചു മണി.
പ്രവേശന പരീക്ഷയുടെ അഡ്മിറ്റ് കാർഡും അഭിമുഖത്തിന് തെരഞ്ഞെടുക്കപ്പെട്ടവർക്കുള്ള അറിയിപ്പും അപേക്ഷയിൽ രേഖപ്പെടുത്തിയ ഇ-മെയിൽ വിലാസത്തിൽ അയയ്ക്കും. പ്രവേശന പരീക്ഷയും തുടർന്നുള്ള അഭിമുഖവും സംബന്ധിച്ചുള്ള അറിയിപ്പുകൾക്ക് വെബ്‌സൈറ്റ് പരിശോധിക്കണം. പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് 0471-2533272, 8547630004, 9446412579,www.icsets.org, [email protected]